
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ വിജയനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. റിയാസ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. ഇതിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ വിജയൻ രണ്ടാം പ്രതിയുമാണ്.
കേസുകളിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇ.ഡി.യുടെ കത്തിലെ വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്.
ഇ.ഡി. കൈമാറിയ കത്തിലും അനുബന്ധ രേഖകളിലും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിവരങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളും രേഖകളിലുണ്ടെന്നും ആരോപണവിധേയർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതാണെന്നും ഫലപ്രദമായ അന്വേഷണത്തിന് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ മുൻ ഉത്തരവുകൾ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഈ മാസം ഒൻപതിന് ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.










